Search
  • Alpha Palliative Care

ശാരീരിക അവശതകള്‍ മറന്ന് ആയിരങ്ങളെത്തി; ആല്‍ഫ പുനര്‍ജ്ജനി കാരുണ്യ സംഗമത്തിന്


തൃശൂര്‍: വീല്‍ചെയറുകള്‍ ഉരുട്ടിയും സന്നദ്ധപ്രവര്‍ത്തകരുടെ ഒരു കൈ സഹായത്തിലും ഒഴുകിവന്ന ആയിരക്കണക്കിനുപേര്‍ തൃശൂരിന്‍റെ പുലിക്കളിയുടെ ആവേശം ഏറ്റുവാങ്ങി പുതുവര്‍ഷത്തെ വരവേറ്റു. തൃശൂര്‍ അയ്യന്തോള്‍ കര്‍ഷകനഗര്‍ മൈതാനത്ത് ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പുനര്‍ജ്ജനി കാരുണ്യസംഗമം വര്‍ണാഭ പകര്‍ന്നതിനപ്പുറം കാരുണ്യത്തിന്‍റെ പുതിയ ചരിത്രം കുറിക്കുകയായിരുന്നു. ചക്രക്കസേരയിലും ആവേശം കെടാതെ താളത്തിനൊപ്പം കൈകള്‍ ഉയര്‍ത്തിയ പുലിക്കളി ആശാന്‍ ചാത്തുണ്ണി സംഗമത്തിന് പകര്‍ന്നത് അടങ്ങാത്ത പുലിയാവേശം തന്നെയായിരുന്നു. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതിയുടെയും സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്‍റെയും സഹകരണത്തോടെയായിരുന്നു പുനര്‍ജ്ജനി കാരുണ്യ സംഗമം. രോഗങ്ങളും അപകടങ്ങളും ശരീരം തളര്‍ത്തിയവരെ ആഘോഷങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരാനും സമൂഹത്തിലേക്ക് ഇറങ്ങാന്‍ തങ്ങള്‍ക്കാവുമെന്ന തിരിച്ചറിവ് ഉണ്ടാക്കാനും വേണ്ടിയായിരുന്നു ആല്‍ഫ പാലിയേറ്റീവ് കെയര്‍ തങ്ങളുടെ പരിചരണത്തിലുള്ള ആയിരത്തിലധികം രോഗബാധിതരെയും കുടുംബാംഗങ്ങളെയും സന്നദ്ധപ്രവര്‍ത്തകരെയും ഒന്നിപ്പിച്ച സംഗമം നടത്തിയത്.


കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ സംഗമം ഉദ്ഘാടനംചെയ്തു. ഒപ്പം 2019ല്‍ നടക്കുന്ന സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കോണ്‍ഫറന്‍സിന്‍റെ ലോഗോ പ്രകാശനവും നിര്‍വഹിച്ചു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. അയ്യന്തോള്‍ ദേശം പുലിക്കളി സംഘാടക സമിതിക്കും സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിനുമുള്ള ഉപഹാരങ്ങള്‍ കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി.ആര്‍.സുനില്‍കുമാര്‍ സമ്മാനിച്ചു. ഒല്ലൂര്‍ എംഎല്‍എ കെ.രാജന്‍, മുന്‍ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പത്മശ്രീ. ഡോ.ടി.എ.സുന്ദര്‍മേനോന്‍, ഡോ.കെ.കെ.മോഹന്‍ദാസ്, ഷീബ അമീര്‍, പ്രൊഫ. പി.ഭാനുമതി, കൗണ്‍സിലര്‍മാരായ വത്സല, പ്രസാദ്, പ്രൊഫ.വി.ജി. തമ്പി, സിനിമാ സംവിധായകന്‍ ടോം ഇമ്മട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.


ആല്‍ഫ പുനര്‍ജ്ജനി കാരുണ്യസംഗമ വേദിയില്‍ പുലികള്‍ വീല്‍ചെയറില്‍ കഴിയുന്നവര്‍ക്കൊപ്പം അണിനിരന്നപ്പോള്‍.

അയ്യന്തോള്‍ പുലിക്കളി സംഘാടകസമിതി പ്രസിഡന്‍റ് സുനില്‍ഘോഷ് സ്വാഗതവും ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍ നന്ദിയുംപറഞ്ഞു. ചടങ്ങിനു മാറ്റുകൂട്ടി തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ആനച്ചമയ പ്രദര്‍ശനം, പുലിക്കളി ചമയപ്രദര്‍ശനം, വെടിക്കെട്ട് സാമഗ്രികളുടെ പ്രദര്‍ശനം, ഡിജെ സംഗീതവിരുന്ന് തുടങ്ങിയവും ഉണ്ടായിരുന്നു.


ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റെ നേതൃത്വത്തില്‍ അയ്യന്തോള്‍ കര്‍ഷകനഗര്‍ മൈതാനത്ത് നടത്തിയ പുനര്‍ജ്ജനി കാരുണ്യസംഗമത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ്. സുനില്‍കുമാര്‍ പ്രസംഗിക്കുന്നു. ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍, ഒല്ലൂര്‍ എംഎല്‍എ കെ.രാജന്‍, കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി.ആര്‍.സുനില്‍കുമാര്‍, മുന്‍ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍, പത്മശ്രീ. ഡോ.ടി.എ.സുന്ദര്‍മേനോന്‍, ഡോ.കെ.കെ.മോഹന്‍ദാസ്, ഷീബ അമീര്‍, പ്രൊഫ. പി.ഭാനുമതി തുടങ്ങിയവര്‍ സമീപം.

ആശംസ ചെണ്ടയില്‍ തീര്‍ത്ത് പെരുവനം കുട്ടന്‍മാരാര്‍ തൃശൂര്‍: വ്യത്യസ്തതകള്‍ നിറഞ്ഞതായിരുന്നു പുനര്‍ജ്ജനി കാരുണ്യ സംഗമത്തിന്‍റെ ഉദ്ഘാടനച്ചടങ്ങ്. അതിഥികളായി മന്ത്രിയും എംഎല്‍എമാരുള്‍പ്പെടെ 50 ലേറെ പേര്‍. ഉദ്ഘാടന പ്രസംഗവും ആശംസകളും ഒറ്റ വാക്യത്തില്‍. ആശംസകള്‍ അര്‍പ്പിക്കാനെത്തിയ പെരുവനമാകട്ടെ അത് തീര്‍ത്തത് ചെണ്ടയിലും. പത്തു മിനിറ്റിലേറെ കൊട്ടിക്കയറിയപ്പോള്‍ സദസ്സിന് അത് മറക്കാനാവാത്ത അനുഭവമായി.ആല്‍ഫ പുനര്‍ജ്ജനി കാരുണ്യ സംഗമത്തിനെത്തിയ പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ തന്‍റെ ആശംസ ചെണ്ടയില്‍ തീര്‍ത്തപ്പോള്‍.

പ്രതീകാത്മകമായി അരമണി മകന് കൈമാറി ചാത്തുണ്ണിയാശാന്‍ തൃശൂര്‍: കാരുണ്യ സംഗമത്തിന് വീല്‍ചെയറില്‍ എത്തിയ പുലിക്കളി ആശാന്‍ ചാത്തുണ്ണി താളവുമായി പുലികളിറങ്ങിയപ്പോള്‍ ആവേശം കെടാതെ കൈകള്‍ ഉയര്‍ത്തി താളംവച്ചെങ്കിലും പുലിക്കളി പ്രേമികള്‍ക്ക് വൈകാരിക നിമിഷങ്ങളും സമ്മാനിച്ചു. വിസിലടിയും ചെണ്ടമേളവുമായെത്തിയ പുലിക്കളി സംഘാംഗങ്ങള്‍ വേദിക്കുമുന്നിലെത്തി ആശാനെ വലംവെച്ച് നമസ്കരിച്ചു. കൂട്ടത്തിലെ കുട്ടിപ്പുലി ആശാന്‍റെ മുന്നില്‍ ചുവടുകളുമായി നിന്നത് കാണികള്‍ക്കും ക്യാമറകള്‍ക്കും കൗതുകമായി. 60 വര്‍ഷത്തിലേറെ മുടക്കമില്ലാതെ തൃശൂരിന്‍റെ പുലിക്കളിക്ക് വേഷം കെട്ടിയ ചാത്തുണ്ണി ആശാന്‍ ഇതുവരെ തന്‍റെ വേഷം മുടക്കിയിട്ടില്ല. പക്ഷേ, ഇനി അതിനു കഴിയില്ലല്ലോ എന്ന ചിന്ത എല്ലാവരുടെ മനസ്സിലും നൊമ്പരമുണ്ടാക്കിയ വേളയില്‍ തന്‍റെ മകന്‍ രമേശന് ആല്‍ഫ കാരുണ്യ സംഗമത്തിന്‍റെ വേദിയില്‍ത്തന്നെ അരമണി കൈമാറിയത് വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്ക് ഇടയാക്കി.

40 views0 comments