- Alpha Palliative Care
മതിലകത്ത് നമ്മുടെ ആരോഗ്യം ഡയാലിസിസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
മതിലകം: രോഗം ദൈവശിക്ഷയെന്നു പ്രചരിച്ചിരുന്നകാലം കഴിഞ്ഞെന്നും രോഗം കുറ്റമല്ലെന്ന ചിന്ത ഇന്ന് എല്ലാവരും ഉയര്‍ത്തിപ്പിടിക്കാന്‍ തുടങ്ങിയത് സമൂഹത്തിന്റെ മാതൃകാപരമായ മാറ്റമാണെന്നും പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. മതിലകത്ത് നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ആശുപത്രിയിലെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൃക്കരോഗ ബാധിതര്‍ നേരിടുന്ന ശാരീരിക സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സമൂഹത്തിന്റെ വലിയ പിന്തുണ ആവശ്യപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ആശുപത്രി പ്രവര്‍ത്തകരും ഈ സാമൂഹ്യബാധ്യത ഏറ്റെടുത്തു എന്നത് ഈ പ്രദേശത്തിന്റെ ഭാഗ്യമായി കരുതണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് നേതൃത്വം നല്കുന്ന ചെയര്മാന് കെ.എം. നൂര്‍ദീന്റെ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്നും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.
ചെയര്മാന് കെ.എം. നൂര്‍ദീന്‍ അധ്യക്ഷനായിരുന്നു. തൃശൂര്‍ ഐജി എം.ആര്. അജിത്കുമാര്‍ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലെ എല്ലാവരും ഈ പ്രശ്നം മനസ്സിലാക്കുകയും വര്‍ഷത്തില്‍ ഒരു ഡയാലിസിനെങ്കിലും സഹായം ചെയ്യാന്‍ മുന്നോട്ടുവരികയും ചെയ്താല്‍ ഈ വെല്ലുവിളി നേരിടാന്‍ നമുക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. അതിനായി തന്റെ വരുമാനത്തിന്റെ ഒരുവിഹിതവും അദ്ദേഹം വാഗ്ദാനംചെയ്തു. 16 ഡയാലിസിസ് മെഷീനുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇതില്‍ 11 എണ്ണവും സ്പോണ്സര് ചെയ്യാന്‍ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവന്നുകഴിഞ്ഞു. ഡയാലിസിസിനുള്ള സ്പോണ്‍സര്‍ഷിപ്പുകളും ലഭിച്ചുവരുന്നു. കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി 1000 ഡയാലിസിസും മലബാര്‍ ഗോള്‍ഡ് 300 ഡയാലിസിസും വി.എ. ഹസന് 200 ഡയാലിസിസും സി.കെ. വളവ് പൗരാവലി 100 ഡയാലിസിസും സ്പോണ്‍സര്‍ചെയ്തു. പി. വെമ്പല്ലൂര്‍ എം.ഇ.എസ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വേദിയിലെത്തി 12 ഡയാലിസിസിനുള്ള തുക കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് കൈമാറി. ഫ്ളോറ ഗ്രൂപ്പ് ചെയര്മാന് വി.എ. ഹസന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഹമ്മദ് കബീര്‍ കാക്കശ്ശേരി, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധി അബ്ദുള്‍ ജബ്ബാര്‍, വ്യാപാരി വ്യവസായി സമിതി പ്രതിനിധി ബേബി കുര്യാപ്പിള്ളി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നമ്മുടെ ആരോഗ്യം മീഡിയ മാനേജര്‍ കെ.എ. കദീജാബി സ്വാഗതവും ജനകീയ സമിതി കണ്‍വീനര്‍ വി.കെ. സദാനന്ദന് നന്ദിയുംപറഞ്ഞു. ആസ്പിന്‍ അഷ്റഫ്, സോമന് താമരക്കുളം, എം.കെ. സെയ്ഫുദീന്‍, മോഹനന്, രജീവന്‍ മുറ്റിച്ചൂര്‍, എം.കെ. മുജീബ് റഹ്മാന്, താഹിറ പറൂപ്പന, വഹീദ അബ്ദു തുടങ്ങിയവര്‍ നേതൃത്വം നല്കി.