Search
  • Alpha Palliative Care

ബാലഭാസ്കറിന് ശ്രദ്ധാഞ്ജലിയുമായി ആല്‍ഫ സാന്ത്വനസമന്വയ സംഗമത്തില്‍ 'ദി ബിഗ് ബാന്‍ഡ്'

തൃശൂര്‍: അനുഗ്രഹീത വയലിനിസ്റ്റ് ബാലഭാസക്റിന്‍റെ ഓര്‍മകള്‍ നിറഞ്ഞുനിന്ന വേദിയില്‍ ദി ബിഗ് ബാന്‍ഡ് സംഘത്തിന്‍റെ ശ്രദ്ധാഞ്ജലിയായി സംഗീതം പെയ്തിറങ്ങി. ബാലഭാസ്കറിനൊപ്പം പതിറ്റാണ്ടുകളായി സഹകരിച്ചിരുന്ന ബാന്‍്ഡ് അംഗങ്ങള്‍ അവതരണങ്ങള്‍ക്കിടയില്‍ പലപ്പോഴും വിതുമ്പിയെങ്കിലും ആത്മസംയമനം വീണ്ടെടുത്ത് രണ്ടര മണിക്കൂര്‍ സദസ്സിനെ വിസ്മയിപ്പിച്ചു. പ്രശസ്ത വയലിനിസ്റ്റ് അഭിജിത്ത് പി.എസ്. നായരായിരുന്നു ബാലഭാസ്കറിന്‍റെ വിയോഗത്തില്‍ ബാന്‍ഡിനെ നയിച്ചത്. ആല്‍ഫ പാലിയേറ്റീവ് കെയര്‍ വര്‍ഷംതോറും നടത്താറുള്ള പാലിയേറ്റീവ് പരിചരണത്തെ പിന്തുണയ്ക്കുന്നവരുടെ സംഗമം- സാന്ത്വന സമന്വയം 2018 വേദിയായിരുന്നു ബാലഭാസ്കര്‍ സ്മരണയില്‍ നിറഞ്ഞത്. ഓഗസ്റ്റ് 30ന് നടക്കേണ്ടിയിരുന്ന പരിപാടി പ്രളയം മൂലം ഒക്ടോബര്‍ 12ലേക്ക് മാറ്റുകയായിരുന്നു. അതിനിടയിലായിരുന്നു ബാലഭാസ്കറിന്‍റെ അപ്രതീക്ഷിത വിയോഗം.


സാന്ത്വന സമന്വയം 2018 തൃശൂര്‍ ഉദ്ഘാടനം തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ അജിത ഉദ്ഘാടനംചെയ്യുന്നു.

തൃശൂര്‍ ജില്ലാ സഹ. ബാങ്ക് ശതാബ്ദി മന്ദിരത്തിലെ ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടന്ന സംഗമം ദീപം തെളിയിച്ച് മേയര്‍ അജിത ജയരാജന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ സ്പീക്കര്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, മുന്‍ എം.എല്‍.എ. ടി.വി. ചന്ദ്രമോഹന്‍ എന്നിവര്‍ അതിഥികളായിരുന്നു. ആല്‍ഫ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ആല്‍ഫ ഡയറക്ടറും എലൈറ്റ് മിഷന്‍ ഹോസ്പിറ്റല്‍ മാനേജിംഗ് പാര്‍ട്ണറുമായ ഡോ. കെ.കെ. മോഹന്‍ദാസ് സ്വാഗതവും പേട്രണ്‍ ഡോ. ടി.എ.സുന്ദര്‍ മേനോന്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ രോഗാവസ്ഥക്കിടയിലും ജീവിതത്തെ ധീരമായി നേരിടുന്ന കോടന്നൂര്‍ സ്വദേശി ശേഖരന്‍ കൊട്ടുങ്ങലിനെയും കുടുംബത്തിലെ രോഗികളും അവശരുമായ മൂന്നുപേരെ, തന്നെ ബാധിച്ച കാന്‍സര്‍ രോഗത്തിനിടയിലും പരിചരിക്കുന്ന അയ്യന്തോള്‍ സ്വദേശി ഗിരിജന്‍ വടക്കേ കുന്നമ്പത്തിനെയും കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി. സുകുമാരന്‍ ആദരിച്ചു.


സാന്ത്വന സമന്വയം 2108ല്‍ വയലിനിസ്റ്റ് അഭിജിത് പി.എസ്. നായര്‍ വയലിന്‍ വായിക്കുന്നു.

ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍, ജനറല്‍ കണ്‍വീനര്‍ ജേക്കബ് ഫ്രാന്‍സിസ്, തൃശൂര്‍ ഹോസ്പീസ് പ്രസിഡന്‍റ് അഡ്വ. ബി.ബി. ബ്രാഡ്ലി, സെക്രട്ടറി എം.വി.വിജയന്‍, ട്രഷറര്‍ സി. വേണുഗോപാലന്‍, വൈസ് പ്രസിഡന്‍റുമാരായ സി.എ.വേണുഗോപാല്‍, രമണി മേനോന്‍, ഗോപകുമാര്‍, ജോയിന്‍റ് സെക്രട്ടറിമാരായ ഗഫൂര്‍ ടി.മുഹമ്മദ്, വിത്സണ്‍ പി. ജോണ്‍, തോമസ് തോലത്ത്, പത്മജ ഗോവിന്ദ്, കമലു സുബ്രഹ്മണ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

28 views0 comments