- Alpha Palliative Care
ജീവിതാന്ത്യ പരിചരണം: ആല്‍ഫ പാലിയേറ്റീവ് കെയറില്ശില്പ്പശാല നടത്തി
എടമുട്ടം: ജീവിതത്തിന്റെ അവസാന നാളുകളും അന്ത്യവും അന്തസ്സുള്ളതും അര്ത്ഥപൂര്ണവുമാകണമെങ്കില് കൂട്ടായ പരിശ്രമം അനിവാര്യമെന്ന് പാലിയേറ്റീവ് കെയര്‍ ശില്‍പ്പശാല. അന്ത്യകാല പരിചരണം (End of Life Care) എന്ന വിഷയത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ചതായിരുന്നു ശില്‍പ്പശാല. നാലു ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന ആല്‍ഫയുടെ 17 കേന്ദ്രങ്ങളില്‍ നിന്നുള്ള സ്റ്റാഫും സന്നദ്ധ പ്രവര്‍ത്തകരുമായിരുന്നു ശില്‍പ്പശാലയില്‍ പങ്കെടുത്തത്.

മരണം ഒരു ദുരന്തമോ? എന്ന വിഷയത്തില്‍ കഥാകൃത്ത് അശോകന് ചെരുവില്‍ പ്രഭാഷണം നടത്തി. ജീവിതത്തോടു ചേര്‍ന്നു നില്ക്കുന്നതെന്നോ ജീവിതത്തിന്റെ മറുപുറമെന്നോ ഒക്കെയുള്ള ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന ഒട്ടേറെ സാഹിത്യ കൃതികള്‍ ഉണ്ടെന്നും എന്നാല്‍ നവീന കാലഘട്ടം ജീവിതത്തിനാണ് ഊന്നല്‍ കൊടുക്കേണ്ടതെന്ന ശക്തമായ വാദം ഉയര്‍ത്തുകയും മരണത്തെ തിരസ്കരിക്കുകയും ചെയ്തു. എന്നാല്‍, അന്ത്യനാളുകളിലെ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടത് നമ്മുടെ സമൂഹത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് വിവിധ സെന്ററുകളില്‍ നിന്നുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ മരണത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ പങ്കുവച്ചു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം.നൂര്‍ദീന്‍, അധ്യക്ഷനായിരുന്നു. അഹമ്മദാബാദ് റീജണല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ ഡോ. ഗീത ജോഷി, കേണല്‍ ഡോ. യശ്വന്ത് ജോഷി, ആല്‍ഫ മെഡിക്കല്‍ ഡിവിഷന് ഹെഡ് ഡോ.ജോസ് ബാബു, ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

