- Alpha Palliative Care
ജീവിതാന്ത്യ പരിചരണവും അവകാശങ്ങളും
INTRODUCING LIVING WILL

ഓരോ വ്യക്തിയും ജീവിതത്തില്‍ സ്വന്തം കുടുംബത്തിലാകട്ടെ സമൂഹത്തിലാകട്ടെ നിരന്തരമായ പരിശ്രമങ്ങളാല്‍ കയ്യൊപ്പു ചാര്‍ത്തുന്നവരാണ്. കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും ലഭിക്കുന്ന സ്നേഹവും ആദരവും അഭിനന്ദനങ്ങളും അറിയപ്പെടാത്ത അവാര്ഡുകളാണെങ്കിലും ഹൃദയത്തില്‍ സൂക്ഷിക്കുന്ന പ്രിയതരമായ ഓര്‍മകളാണ്; പ്രത്യേകിച്ചും ജീവിതാവസാന കാലങ്ങളില്‍. എങ്കിലും ജീവിതാന്ത്യത്തില്‍ നമ്മള് ആഗ്രഹിക്കുന്ന തരത്തിലാണോ നമ്മുടെ ജീവിതവും മരണവും?!
ഇഷ്ടപ്പെട്ടവരുടെ സാമീപ്യം ആഗ്രഹിക്കുന്നു. ഇഷ്ടപ്പെട്ട സ്ഥലത്ത് കഴിയുന്നു ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നു ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നു ഇഷ്ടപ്പെട്ട അന്ത്യം ലഭിക്കുന്നു....
എത്രപേര്‍ ഇക്കാര്യത്തില്‍ സംതൃപ്തരാണ്?
എന്തുകൊണ്ട് ഇവയെല്ലാം ലഭിച്ചില്ല എന്ന ചോദ്യത്തിന് ഒരുപക്ഷേ, ഇക്കാര്യങ്ങളൊന്നും മറ്റുള്ളവരോട് തുറന്നുപറഞ്ഞില്ല എന്നാണ് ഉത്തരമെങ്കില്‍ അങ്ങനെ തുറന്നുപറഞ്ഞതുകൊണ്ട് മാത്രം സാധിക്കാനിടയില്ല എന്നാവും ഉത്തരം. ആഗ്രഹങ്ങള്‍ നമ്മള്‍ക്കുതന്നെ എഴുതിവയ്ക്കാനാകുമെങ്കില് അതിന് കുറച്ചുകൂടി ആധികാരികത ഉണ്ടാകുമായിരുന്നോ?
ഈ ചിന്തകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. കാരണം നല്ലൊരു ജീവിതാന്ത്യവും മരണവുമെന്നത് ഭൂരിഭാഗത്തിനും സാധ്യമാകുന്നില്ല. ആശുപത്രികളിലെ ഐ.സി.യുകളില്‍ ഇഷ്ടപ്പെട്ടവരുടെ സാമീപ്യമില്ലാതെ, ഇഷ്ടപ്പെട്ടതൊന്നും ലഭിക്കാതെ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടി ലോകം വിട്ടുപോകുന്നവരുടെ ഭയവിഹ്വലതകളും ദീനരോദനങ്ങളും കേള്‍ക്കാതെ പോകുന്നുവെന്നത് തികഞ്ഞ ദുരന്തം തന്നെയാണ്; ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം.
എന്തുകൊണ്ട് നമ്മള് ഇഷ്ടപ്പെടാത്ത അവസ്ഥയിലേക്ക് എത്തിപ്പെടുന്നു?
ജീവിതാന്ത്യ കാലത്ത് നമ്മുടെ ഇഷ്ടങ്ങള്‍ എന്തുകൊണ്ട് പരിഗണിക്കപ്പെടുന്നില്ല?
രണ്ടു കാരണങ്ങളാണ് പ്രധാനമായും ഉള്ളത്. ഒന്ന് ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാനാകാത്ത ശാരീരികാവസ്ഥ(ഉദാ: ഡിമെന്‍ഷ്യ, കോമയിലേക്കോ അര്‍ധബോധാവസ്ഥയിലേക്ക് വഴുതിവീഴാവുന്ന ജീവിതാവസ്ഥകള്‍(ഉദാ: സ്ട്രോ്ക്ക്, തലച്ചോറിനുണ്ടാകുന്ന ക്ഷതങ്ങള്‍, സോഡിയം കുറയുന്ന അവസ്ഥ, ഡെലിറിയം(ഒരുതരം വിഭ്രാന്തി), പ്രായാധിക്യം മൂലം തീരുമാനങ്ങള്‍ എടുക്കാനാകാത്ത അവസ്ഥ തുടങ്ങിയവ.
രണ്ട്: ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിച്ചിരുന്നെങ്കിലും അതിന് കുടുംബവും വൈദ്യസമൂഹവും വിലകല്‍പ്പിക്കാത്ത അവസ്ഥ.
എന്താണ് ഇതിന് പരിഹാരം?
ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാത്തതുകൊണ്ടും തീരുമാനമെടുക്കാത്തതുകൊണ്ടും പരസ്പരം ആശയവിനിമയം നടത്താത്തുകൊണ്ടുമാണ് പ്രധാനമായും ഈ അവസ്ഥ ഉണ്ടാകുന്നതെങ്കില്‍ അതിന് തുടക്കമിടേണ്ട കാലം അതിക്രമിച്ചെന്നതില് സംശയമില്ല. വിദേശരാജ്യങ്ങളില്‍ പക്ഷേ, ഇക്കാര്യത്തില്‍ ജനങ്ങള്‍ ഏറെ മുന്നിലാണ്. തന്റെ അവസാനകാല ജീവിതം എങ്ങനെ ആയിരിക്കണമെന്നും തനിക്കു തീരുമാനമെടുക്കാനാകാത്ത സാഹചര്യത്തില്‍ ആര്‍ക്കാണ് അതിന് അവകാശം (ഹെല്‍ത്ത് കെയര്‍ പ്രോക്സി), തന്റെ ജീവിതാന്ത്യം എങ്ങനെയാണെന്ന് വ്യവസ്ഥ ചെയ്യുന്ന കരാറുകള്‍(ലിവിംഗ് വില്‍) അവിടങ്ങളില്‍ സാധാരണമാണ്. അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് നിയമപരമായി തെറ്റുമാകുന്നു.
ഇങ്ങനെയാണെങ്കില്‍ നമ്മളും ആ വഴി സഞ്ചരിക്കേണ്ടിയിരിക്കുന്നു. പക്ഷേ, നമ്മുടെ സാഹചര്യത്തില്‍ എങ്ങനെയാണ് അത്തരമൊന്ന് എഴുതുക? നമ്മുടെ അവസാന ആഗ്രഹങ്ങള്‍ എന്തൊക്കെയാകും? അതിന്റെ പ്രസക്തി എന്താണ്? നൂറു ചോദ്യങ്ങളാണ് നമുക്കു മുന്നിലുള്ളത്. ഓരോ വ്യക്തിയുടെയും ജീവിത ദര്‍ശനവുമായി ബന്ധപ്പെട്ടതാകും ആഗ്രഹങ്ങള്‍. അതായത് അത് തികച്ചും വ്യക്തിനിഷ്ഠമാണ്.
ചില വ്യക്തികള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളിലൂടെ പോകുകയാണെങ്കില്‍:
- ഇതുവരെയും ജീവിതത്തില്‍ ഞാന്‍ ആരെയും ആശ്രയിച്ചിട്ടില്ല. മരണം വരെ അങ്ങനെ തന്നെയായിരിക്കണം. - എന്റെ മക്കള്‍ക്ക് ഞാന്‍ ഒരു ഭാരമാകരുത്. - മരണം കാത്തുകിടക്കുന്ന അവസ്ഥ എനിക്കു താല്‍പ്പര്യമില്ല. - കോമയിലോ അര്‍ധബോധാവസ്ഥയിലോ കിടപ്പിലാകുന്ന സാഹചര്യം എനിക്കു ചിന്തിക്കാന്‍ പോലും സാധ്യമല്ല. - അവസാനനാളുകള്‍ ആശുപത്രിയുടെ മനംപുരട്ടുന്ന അന്തരീക്ഷത്തില്‍ കഴിയുന്നത് എനിക്ക് ഇഷ്ടമല്ല. - വേദനിച്ചുള്ള മരണം എന്നെ ഭീതിപ്പെടുത്തുന്നു. - ആശുപത്രിച്ചെലവുകള്‍ എന്റെ മക്കള്‍ക്ക് വലിയ ബാധ്യതയുണ്ടാക്കുമോ എന്നത് എന്നെ ഭയപ്പെടുത്തുന്നു. - ജീവിതാന്ത്യത്തില്‍ പാലിയേറ്റീവ് പരിചരണമാണ് എനിക്ക് വേണ്ടത്, സമാധാനത്തോടെ ഈ ലോകം വിട്ടുപോകാന്‍ അതെന്നെ സഹായിക്കും. - ഞാന്‍ അധ്വാനിച്ചുണ്ടാക്കിയ എന്റെ ഭവനത്തില്തന്നെയായിരിക്കണം എന്റെ അവസാന ദിനങ്ങളും മരണവും. അവിടെ ഞാന്‍ ഇഷ്ടപ്പെടുന്നവര്‍ എല്ലാം എന്റെ സമീപത്തുണ്ടാകണം. - ശ്വസന സഹായികളും ജീവന് നിലനിര്‍ത്താനുള്ള മറ്റ് ഉപകരണങ്ങളുടെ സഹായവുമായി കൈകാലുകള്‍ ബന്ധിക്കപ്പെട്ട് അവസാന ദിനങ്ങള്‍ ഐ.സി.യുകളില്‍ കഴിയുന്നത് ഞാന്‍ ഏറ്റവും വെറുക്കുന്നു. - മരണം ഉറപ്പാണെങ്കില്‍ വെന്റിലേറ്റര്‍, ഡയാലിസിസ്, ഫീഡിംഗ് ട്യൂബ്, സി.പി.ആര്(കാര്‍ഡിയോ പള്‍മണറി റീസസിറ്റേഷന്‍) എന്നിവ ഒഴിവാക്കണം. - വായിലൂടെ ഭക്ഷണം കഴിക്കാനാകാത്ത സാഹചര്യത്തില്‍ മൂക്കിലൂടെ ട്യൂബിട്ട് ഭക്ഷണം തരുന്നതും ജീവന് നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും എനിക്ക് ഇഷ്ടമല്ല. മരണം കഴിയുന്നത്രയും സ്വാഭാവികമാകണം എന്നതാണ് എന്റെ വിശ്വാസം. - പ്രാര്‍ത്ഥനകള്‍ അവസാന സമയത്ത് എനിക്ക് ആശ്വാസം നല്കുമെന്നതിനാല് പ്രാര്‍ത്ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ വേണം ഈ ലോകം വിട്ടുപോകാന്‍. - മരണശേഷം എന്റെ കണ്ണുകള്‍ ദാനം ചെയ്യണം. - മരണശേഷം എന്റെ മൃതദേഹം മോര്‍ച്ചറിയിലോ ഫ്രീസറിലോ സൂക്ഷിച്ചുവയ്ക്കരുത്. - മരണശേഷമുള്ള ചടങ്ങുകള്‍ ഒഴിവാക്കി ആ പണം ഏതെങ്കിലും അനാഥാലയങ്ങള്‍ക്കായി കൊടുക്കണം.
ഈ ചിന്തകളില്‍ നിങ്ങളുടെ ജീവിതദര്‍ശനങ്ങളില്‍ ചേര്‍ന്നു നില്ക്കുന്നവ എടുത്തും വ്യക്തമായി കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ അവ കൂട്ടിച്ചേര്‍ത്തും ആയിരിക്കണം ലിവിംഗ് വില്‍ തയ്യാറേക്കണ്ടത്.
അഡ്വാന്‍സ് ഡയറക്ടീവ്സ് / ലിവിംഗ് വില്‍
ഞാന്‍, ................................................................................(പേര്),
വയസ്................, ജനനതീയതി........................................,
വിലാസം...........................................................................,
എന്റെ ജീവിതത്തില്‍ രോഗങ്ങള്‍ കൊണ്ടോ അപകടങ്ങള്‍ മൂലമോ വാര്‍ധക്യം മൂലമോ എനിക്ക് സ്വയം തീരുമാനമെടുക്കാനും പ്രകടിപ്പിക്കാനും കഴിയാത്ത ശാരീരിക അവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്താല്‍ താഴെ പറയുന്ന ചികിത്സാവിധികള്‍ക്ക് വിധേയമാകാന്‍ എനിക്ക് താല്‍പ്പര്യമില്ലെന്ന് ബോധിപ്പിക്കുന്നു. ഈ തീരുമാനം മാനസികമായ ഒരുക്കത്തോടും ആലോചനയിലും പൂര്‍ണ ബോധ്യത്തോടും മറ്റാരുടെയും പ്രേരണ കൂടാതെയുമാണെന്ന് ഞാന്‍ ഇതിനാല്‍ സാക്ഷ്യപ്പെടുത്തുന്നു.
1. എനിക്ക് ഡിമെന്‍ഷ്യ രോഗം ബാധിക്കുകയും ഭക്ഷണം വായില്‍ക്കൂടി കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയില്‍ ട്യൂബുകളിലൂടെ (nasal, gastric/jejunal) ഭക്ഷണം തരുന്നത് എനിക്ക് ഇഷ്ടമല്ല; അത് ജീവന് അപകടത്തിലാക്കുന്ന അവസ്ഥയിലാണെങ്കിലും.
2. ഞാന്‍ പ്രായാധിക്യം മൂലം സ്വാഭാവികമായി ക്ഷീണിതനാകുകയും ഭക്ഷണം വായില്‍ക്കൂടി കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയില്‍ ട്യൂബുകളിലൂടെ (nasal, gastric/jejunal) ഭക്ഷണം തരുന്നത് എനിക്ക് ഇഷ്ടമല്ല; അത് ജീവന് അപകടത്തിലാക്കുന്ന അവസ്ഥയിലാണെങ്കിലും.
3. ഞാന്‍ കാന്‍സര്‍ രോഗബാധിതനാവുകയും തലച്ചോറിനെ ബാധിച്ച് ഒരാഴ്ചയിലധികം കോമയിലാകുകയും ഭക്ഷണം വായില്‍ക്കൂടി കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയില്‍ ട്യൂബുകളിലൂടെ (nasal, gastric/jejunal) ഭക്ഷണം തരുന്നത് എനിക്ക് ഇഷ്ടമല്ല; അത് ജീവന് അപകടത്തിലാക്കുന്ന അവസ്ഥയിലാണെങ്കിലും. നിലവില്‍ ട്യൂബുകള്‍ ഇട്ടിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണം.
4. തലച്ചോറില്‍ രക്തസ്രാവം മൂലമോ രക്തസംക്രമണം തടസപ്പെടുന്നതുമൂലമോ (stroke) അപകടങ്ങള്‍ മൂലമോ (Head Injury) ഒരു മാസം കോമയിലാകുകയും ഭക്ഷണം വായില്‍ക്കൂടി കഴിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്ന അവസ്ഥയില്‍ ട്യൂബുകളിലൂടെ (nasal, gastric/jejunal) ഭക്ഷണം തരുന്നത് എനിക്ക് ഇഷ്ടമല്ല; അത് ജീവന് അപകടത്തിലാക്കുന്ന അവസ്ഥയിലാണെങ്കിലും. നിലവില്‍ ട്യൂബുകള്‍ ഇട്ടിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണം.
5. വാര്‍ധക്യം, ഡിമെന്‍ഷ്യ, അപകടം (Head Injury), സ്ട്രോക്ക്, കാന്‍സര്‍ എന്നിവ മൂലം ദീര്‍ഘനാള്‍ (ഒരു മാസത്തിലധികം) ഓര്‍മയില്ലാതെ കിടപ്പിലാവുന്ന അവസ്ഥയില്‍ ശ്വാസകോശത്തിലുണ്ടാകുന്ന അണുബാധ (Aspiration Pneumonia) ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ചികിത്സിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല.
6. വാര്‍ധക്യം, ഡിമെന്‍ഷ്യ, അപകടം (Head Injury), സ്ട്രോക്ക്, കാന്‍സര്‍ എന്നിവ മൂലം ദീര്‍ഘനാള്‍ (ഒരു മാസത്തിലധികം) ഓര്‍മയില്ലാതെ കിടപ്പിലാവുന്ന അവസ്ഥയില്‍ രക്തത്തില്‍ സോഡിയത്തിന്റെ അളവ് കുറയുകയാണെങ്കില്‍ ഐ.വി. ഡ്രിപ്പ് ഉപയോഗിച്ച് മരുന്നുകള്‍ നല്കുന്ന ചികിത്സ എനിക്ക് താല്‍പ്പര്യമില്ല.
7. വാര്‍ധക്യം, ഡിമെന്‍ഷ്യ, സ്ട്രോക്ക്, കാന്‍സര്‍ എന്നിവ മൂലം ഓര്‍മയില്ലാതെ കിടപ്പിലാവുന്ന അവസ്ഥയില്‍ രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്ന അവസ്ഥ (Hypoxia) യില്‍ ശ്വസന സഹായിയുടെ(വെന്റിലേറ്റര്‍) പിന്തുണയോടെ ചികിത്സിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല; അത് ജീവന് അപകടത്തിലാക്കുന്ന അവസ്ഥയിലാണെങ്കിലും.
8. വാര്‍ധക്യം, ഡിമെന്‍ഷ്യ, സ്ട്രോക്ക്, കാന്‍സര്‍ എന്നിവ മൂലം ഓര്‍മയില്ലാതെ കിടപ്പിലാവുന്ന അവസ്ഥയില്‍ രക്തത്തിലെ ക്രിയാറ്റിനിന്റെ (കിഡ്നികളുടെ പ്രവര്‍ത്തനം മോശമാകുന്ന അവസ്ഥ) അളവ് ക്രമീകരിക്കാന്‍ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയമാകാന്‍ എനിക്ക് താല്‍പ്പര്യമില്ല; അത് എന്റെ ജീവന് അപകടത്തിലാക്കുന്ന അവസ്ഥയിലാണെങ്കില്പ്പോലും.
9. വാര്‍ധക്യം, ഡിമെന്‍ഷ്യ, സ്ട്രോക്ക്, കാന്‍സര്‍ എന്നിവ മൂലം ഓര്‍മയില്ലാതെ കിടപ്പിലാവുന്ന അവസ്ഥയില്‍ എനിക്ക് ഹൃദയസ്തംഭനം (Cardiac Arrest) സംഭവിക്കുകയാണെങ്കില്‍ കാര്‍ഡിയോ പള്‍മണറി റിസസിറ്റേഷന്‍ (CPR) ചികിത്സ എനിക്ക് താല്‍പ്പര്യമില്ല; അത് എന്റെ ജീവന് അപകടത്തിലാക്കുമെങ്കില്പ്പോലും.
10. വാര്‍ധക്യം, ഡിമെന്‍ഷ്യ, സ്ട്രോക്ക്, കാന്‍സര്‍ എന്നിവ മൂലം ഓര്‍മയില്ലാതെ കിടപ്പിലാവുന്ന അവസ്ഥയില്‍ രക്തത്തിലെ ഹീമോഗ്ലാബിന്റെ അളവ് കുറയുകയാണെങ്കില്‍ (Anaemia) രക്തം നല്‍കുന്നത് (Blood Transfusion) എനിക്ക് താല്‍പ്പര്യമില്ല.
11. ഹൃദയം, ശ്വാസകോശം, കരള്‍, വൃക്ക എന്നിവ പ്രവര്‍ത്തനരഹിതമാകുന്ന അവസ്ഥയില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ എനിക്ക് താല്‍പ്പര്യമില്ല; അത് എന്റെ ജീവന് അപകടത്തിലാക്കുമെങ്കില്പ്പോലും.
മേല്‍പ്പറഞ്ഞ സാഹചര്യങ്ങളില്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എന്റെ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കുന്നതിന് എനിക്കുവേണ്ടി തീരുമാനങ്ങള്‍ എടുക്കാന്‍
............................................................................................പേര്, വയസ്,
വിലാസം...........................................................................
ആളെ ചുമതലപ്പെടുത്തുന്നു.
ഒപ്പ്: പേര്: ആധാര്‍ നമ്പര്‍: തിരിച്ചറിയല്‍ അടയാളങ്ങള്‍:
1. 2.
സാക്ഷികള്‍: 1. .......................................................................................പേര്, വയസ്, ആധാര്‍ നമ്പര്‍,
വിലാസം............................................................................
ഒപ്പ്
2. .......................................................................................പേര്, വയസ്, ആധാര്‍ നമ്പര്‍,
വിലാസം............................................................................
ഒപ്പ്
ജീവിതാന്ത്യ അഭിലാഷങ്ങള്‍
ജീവിതാവസാനം നമ്മള് ആഗ്രഹിച്ചതുപോലെ ഒന്നാകണമെങ്കില്‍ നമ്മുടെ ജീവിതവീക്ഷണത്തെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും നമുക്കു ചുറ്റുമുള്ള വേണ്ടപ്പെട്ടവരെ ധരിപ്പിക്കേണ്ട ആവശ്യമുണ്ട്. എങ്കില്‍കൂടിയും എഴുതിവയ്ക്കപ്പെട്ട ആഗ്രഹങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്കുന്നവയായിരിക്കും. ജീവിതാന്ത്യ അഭിലാഷങ്ങളിലേക്ക് നയിക്കുന്ന ചില സൂചനകള്‍ താഴെകൊടുക്കുന്നു:
1. അവസാനനാളുകള്‍ ആശുപത്രിയുടെ മനംപുരട്ടുന്ന അന്തരീക്ഷത്തില്‍ കഴിയുന്നത് എനിക്ക് ഇഷ്ടമല്ല. ജീവിതാവസാന നാളുകള്‍ എന്റെ വീട്ടില്‍ ചെലവഴിക്കാനാണ് എനിക്ക് ഇഷ്ടം.
2. വേദനിച്ചുള്ള അവസാന നാളുകള്‍ എന്നെ ഭീതിപ്പെടുത്തുന്നതാണ്. മോര്‍ഫിന്‍ അടക്കമുള്ള വേദനാസംഹാരികളും പാലിയേറ്റീവ് പരിചരണവും എനിക്ക് ലഭ്യമാക്കണം.
3. എനിക്ക് ഇഷ്ടപ്പെട്ട ആഹാരവസ്തുക്കള്‍ ഇവയെല്ലാമാണ്. എനിക്ക് ഇഷ്ടപ്പെട്ട ഇടവേളകളില്‍ എന്റെ ശാരീരികാവസ്ഥകള്ക്കനുസരിച്ച് എനിക്കവ ലഭ്യമാക്കണം. നിര്‍ബന്ധിച്ച് ഒരു ഭക്ഷണവും എനിക്ക് വേണ്ട.
4. എല്ലായ്പോഴും സന്ദര്‍ശകരെ സ്വീകരിക്കാന്‍ എനിക്ക് ഇഷ്ടമില്ല. പ്രത്യേകിച്ച് ഉറങ്ങുമ്പോള്‍, തീവ്ര ശാരീരിക അസ്വസ്ഥതയുള്ളപ്പോള്‍. സുബോധം ഇല്ലാത്ത അവസ്ഥയില്‍ അടുത്ത ബന്ധുക്കള്‍ മാത്രമേ സന്ദര്‍ശിക്കേണ്ടതുള്ളൂ(അവര്‍ ആരാണെന്ന് വ്യക്തമാക്കാം).
5. എനിക്ക് ഇഷ്ടപ്പെട്ട വേഷം സാരി/ പൈജാമ എന്നിവയാണ്. അന്ത്യനാളുകളില്‍ നൈറ്റി പോലുള്ള ഉടുപ്പുകള്‍ ധരിക്കുന്നത് എനിക്ക് ഇഷ്ടമില്ല.
6. എന്റെ മുടി എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. അവസാന നാളുകളില്‍ അതു മുറിച്ചുമാറ്റുന്നത് എനിക്ക് ഇഷ്ടമല്ല.
7. പഴയകാല സിനിമാഗാനങ്ങളും സെമി ക്ലാസിക്കല്‍ ഗാനങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. മൃദുസ്വരത്തില്‍ അവ കേള്‍പ്പിച്ചുതരുന്നത് എനിക്ക് ഇഷ്ടമാണ്.
8. മറ്റുള്ളവര്‍ എന്റെ സമീപത്തിരുന്ന് പ്രാര്‍ത്ഥിക്കുന്നത് എനിക്ക് ഇഷ്ടമാണ് / ഇഷ്ടമല്ല.
9. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ മൂത്രത്തിന് ട്യൂബ് ഇടുന്നത് ആലോചിക്കാവൂ.
10. എന്നെ പരിചരിക്കുന്നത് എന്റെ മക്കള്‍ / ഹോം നഴ്സ് (പേര് സൂചിപ്പിച്ച് കൂടുതല്‍ വ്യക്തമാക്കാം) ആകാനാണ് എനിക്കിഷ്ടം.
11. ആഴ്ചയില്‍ ഒരിക്കലെങ്കിലും എന്നെ കുളിപ്പിക്കുകയും ഷേവ് ചെയ്യുകയും വേണം.
12. എന്റെ മരണസമയത്ത് മക്കളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടാകണം/ ആരും വേണ്ട. 13. മരണശേഷം എന്റെ കണ്ണുകള്‍ ദാനം ചെയ്യണം.
14. മരണശേഷം എന്റെ മൃതദേഹം മോര്‍ച്ചറിയിലോ ഫ്രീസറിലോ സൂക്ഷിച്ചുവയ്ക്കരുത്.
15. എന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായി നിരവധി പേര് പല സ്ഥലങ്ങളിലായിട്ടുണ്ട്. എന്റെ മരണവാര്‍ത്ത അവരെയെല്ലാം അറിയിക്കണം എന്നത് എന്റെ ആഗ്രഹമാണ്. അവരെ ബന്ധപ്പെടേണ്ട നമ്പറുകള്‍ എന്റെ ഡയറിയിലുണ്ട്. കൂടാതെ പത്രങ്ങള്‍, ഫെയ്സ് ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെയും അറിയിക്കണം.
16. ഓരോരുത്തരെയും വ്യക്തിപരമാമരണാന്തര ചടങ്ങുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്നത് എനിക്ക് ഇഷ്ടമല്ല. ലളിതമായ ചടങ്ങുകള്‍ ആകാം(കൂടുതല്‍ കൃത്യമായി എന്തൊക്കെ വേണം/ വേണ്ട എന്ന് രേഖപ്പെടുത്താം). മരണശേഷമുള്ള ചടങ്ങുകള്‍ ഒഴിവാക്കി ആ പണം ഏതെങ്കിലും അനാഥാലയങ്ങള്‍ക്കായി കൊടുക്കണം.
17. എന്റെ അന്ത്യയാത്രയിലെ വസ്ത്രം..................... ഇതായിരിക്കണം.
ഈ ലിസ്റ്റ് അവസാനിക്കുന്നില്ല. ഓരോരുത്തരുടെ അഭിലാഷങ്ങള്‍ക്കനുസരിച്ച് കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കുകളോ ആകാം. എന്നാല്‍, അതുണ്ടാക്കി ഒന്നിലധികം അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും ഏല്‍പ്പിക്കേണ്ടത് ആവശ്യമാണ്.
തയ്യാറാക്കിയത്: ഡോ. ജോസ് ബാബു, ഹെഡ് ഓഫ് ക്ലിനിക്കല്‍ സര്‍വീസസ് &
സുരേഷ് ശ്രീധരന്, ചീഫ് പ്രോഗ്രാം ഓഫീസര്‍, ആല്‍ഫ പാലിയേറ്റീവ് കെയര്‍.
All Right Reserved : www.alphapalliativecare.org