- Alpha Palliative Care
ജീവകാരുണ്യത്തിന് ഇനി ജീവനുള്ള മീന്‍ വാങ്ങാം!
പ്രിയ സുഹൃത്തേ,
തൃശൂര്‍ ജില്ലയുടെ കടലോര പ്രദേശമായ എടമുട്ടം പാലപ്പെട്ടിയില്‍ ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരുക്കുന്ന 'ആല്‍ഫ-ലൈവ് ഫിഷ് മാര്‍ക്കറ്റ് ' ഉദ്ഘാടനത്തിന് ഒരുങ്ങുന്ന വിവരം നിങ്ങളെ സസന്തോഷം അറിയിക്കുന്നു. 2018 ഏപ്രില്‍ 7 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബഹു. കേരള സംസ്ഥാന കൃഷിമന്ത്രി ശ്രീ. അഡ്വ. വി.എസ്. സുനില്‍കുമാര്‍ 'ആല്‍ഫ ലൈവ് ഫിഷ് മാര്‍ക്കറ്റ് ' ഉദ്ഘാടനം ചെയ്യും. നാട്ടിക എംഎല്‍എ ശ്രീമതി. ഗീത ഗോപി അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കൈപ്പമംഗലം എംഎല്‍എ ശ്രീ. ഇ.ടി. ടൈസണ്‍ മാഷ്, ഇരിഞ്ഞാലക്കുട എംഎല്‍എ ശ്രീ. അരുണന് മാഷ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാഷ് സ്വാഗതം ആശംസിക്കും. ജില്ലാ പഞ്ചായത്ത് അംഗം ശ്രീ. ശോഭാ സുബിന്, സി.പി.ഐ-എം. നാട്ടിക ഏരിയ സെക്രട്ടറി ശ്രീ. പി.എം. അഹമ്മദ്, എസ്.എന്‍.ഡി.പി. നാട്ടിക യൂണിയന് പ്രസിഡന്റ് ശ്രീ. ഉണ്ണികൃഷ്ണന് തഷ്ണാത്ത്, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. ഹാറൂണ്‍ റഷീദ് എന്നിവര്‍ ആശീര്‍വദിച്ചു സംസാരിക്കും. ആല്‍ഫ ചെയര്മാന് പദ്ധതി വിശദീകരിക്കും. വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ മജീദ് നന്ദി പ്രകടിപ്പിക്കും.
ഉദ്ഘാടനത്തിന് മുന്നോടിയായി ഏപ്രില്‍ 5 വ്യാഴാഴ്ച മുതല്‍ പരീക്ഷണ അടിസ്ഥാനത്തില്‍ രാവിലെ 8 മുതല്‍ 11 വരെ മിതമായ വിലയില്‍ മാര്‍ക്കറ്റില്‍ വില്‍പ്പന ആരംഭിക്കുന്നതാണ്. മീന്‍ കച്ചവടക്കാര്‍ക്ക് ജീവനോടെ മീന്‍ വീടുകളില്‍ എത്തിക്കാവുന്ന തരത്തിലുള്ള സജ്ജീകരണവും ഒരുക്കുന്നു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും മീന്‍ വൃത്തിയാക്കി നല്‍കാനും ഇവിടെ സൗകര്യമുണ്ട്.
മത്സ്യ വില്പനയിലൂടെ ലഭിക്കുന്ന തുക പൂര്‍ണമായും ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് മുന്‍കയ്യെടുത്തു നടത്തുന്ന ജനോപകാരപ്രദമായ പദ്ധതികള്‍ക്ക് സംഭാവനയായി നല്‍കുന്നതാണ്.

എല്ലാ നാട്ടുകാരുടെയും സജീവ സാന്നിധ്യവും സര്വാത്മനെയുള്ള സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്,
സ്നേഹപൂര്‍വ്വം, താങ്കളുടെ സ്വന്തം, ശ്രീ. കെ.എം. നൂര്‍ദീന്‍ ചെയര്മാന് ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ്