Search
  • Alpha Palliative Care

ജില്ലയിലെ കിടപ്പുരോഗികളെ സന്ദര്‍ശിച്ച് എസ്എപിസി ദേശീയ സമ്മേളനം

തൃശൂര്‍: കേരളത്തിനു പുറത്തു നിന്നെത്തിയ 110 കോളേജ് വിദ്യാര്‍ത്ഥികളും കേരളത്തില്‍ നിന്നുള്ള 200 കോളേജ് വിദ്യാര്‍ത്ഥികളും 30 പേരുടെ സംഘങ്ങളായി തിരിഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള കിടപ്പുരോഗികളെ സന്ദര്‍ശനം നടത്തിക്കൊണ്ട് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്‍റെ (എസ്.എ.പി.സി) നാലാമത് ദേശീയ സമ്മേളനത്തിന് തൃശൂരില്‍ തുടക്കമായി. തളിക്കുളം, എടത്തിരുത്തി, അന്തിക്കാട്, കയ്പമംഗലം, ഒല്ലൂര്‍, ചേലക്കര, തൃശൂര്‍ നഗരം, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍, ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ആല്‍ഫാ പാലിയേറ്റീവിന്‍റെ ലിങ്ക് സെന്‍ററുകള്‍ക്കു കീഴിലുള്ള രോഗികളെയാണ് ത്രിദിന സമ്മേളനത്തിന്‍റെ ആദ്യദിനമായ (നവം 8) കുട്ടികള്‍ സന്ദര്‍ശിച്ചത്. ഒരു ലിങ്ക് സെന്‍ററിനു കീഴില്‍ 30 പേരുടെ സംഘം പിന്നെയും രണ്ടായി പിരിഞ്ഞാണ് രണ്ടു വീടുകള്‍ വീതം സന്ദര്‍ശിച്ച് സമ്മേളനത്തിന്‍റെ ആദ്യദിന പരിപാടി പൂര്‍ത്തിയാക്കിയത്. റീജിയണല്‍ തീയറ്ററില്‍ രാവിലെ 8 മുതല്‍ 9:30 വരെ ആല്‍ഫ മോഡല്‍ പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള അവതരണ പ്രഭാഷണങ്ങള്‍ ശ്രവിച്ചതിനു ശേഷമാണ് കുട്ടികള്‍ ജില്ലയുടെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചത്. ഗുജറാത്തില്‍ നിന്നുള്ള 60-ലേറെ വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളും സന്ദര്‍ശനപരിപാടിയില്‍ പങ്കെടുത്തുവെന്ന് സംഘങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആല്‍ഫാ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. ജോസ് ബാബു പറഞ്ഞു. ഞങ്ങളില്‍ പലരും ആശുപത്രികളില്‍ രോഗികളെ കണ്ടിട്ടുണ്ടെങ്കിലും കിടപ്പുരോഗികളെ വീട്ടില്‍ച്ചെന്നു കണ്ട് അവരുടെ ചരിത്രവും നിലവിലുള്ള അവസ്ഥകളും മനസ്സിലാക്കുന്നത് ഇതാദ്യമായാണെന്ന് സംഘത്തിലുണ്ടായിരുന്ന ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥി ഭോയ് അജയ് എ. പറഞ്ഞു.

സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്‍റെ ദേശീയ സമ്മേനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനംചെയ്ത കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ആല്‍ഫ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ മെമന്‍റോ സമ്മാനിക്കുന്നു.

രണ്ടാം ദിവസമായ (നവംബര്‍ 9) വൈകീട്ട് 6-നാണ് റീജിയണല്‍ തീയറ്ററില്‍ സമ്മേളനത്തിന്‍റെ ഔപചാരികമായ ഉദ്ഘാടനം നിയമസഭാ ചീഫ് വിപ്പ് അഡ്വ. കെ. രാജന്‍ എംഎല്‍എ നിര്‍വഹിക്കുക. മേയര്‍ അജിത വിജയന്‍ മുഖ്യാതിഥിയാകും. ചെയര്‍മാന്‍ കെ. എം. നൂര്‍ദീന്‍ അധ്യക്ഷത വഹിക്കും. എംപിമാരായ ടി എന്‍ പ്രതാപന്‍, ബെന്നി ബഹന്നാന്‍, എംഎല്‍എമാരായ ഇ.ടി. ടൈസണ്‍ മാസ്റ്റര്‍, വി.ആര്‍. സുനില്‍കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മേരി തോമസ്, ഡോ. ഗീതാ ജോഷി, ഡോ. സുഖ്ദേവ് നായക്, ഡോ. പീയുഷ് ഗുപ്ത, കേണല്‍ (ഡോ.) യശ്വന്ത് ജോഷി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നൃത്തപരിപാടി.

ദേശീയ സമ്മേളനത്തിലെത്തിയ വിദ്യാര്‍ത്ഥികള്‍ ആല്‍ഫ തൃശൂര്‍ ഹോസ്പീസിന്‍റെ ഹോംകെയറില്‍ പങ്കാളികളായപ്പോള്‍.

രാവിലെ മുതല്‍ വൈകീട്ടു വരെ വിവിധ വിഷയങ്ങല്‍ 7 പ്ലീനറി സെഷനുകളും 8 സെഷനുകളും നടക്കും. വൈകീട്ട് 4-15 മുതല്‍ 5-45 വരെ ബിസിനസ് ലീഡേഴ്സ് ഫോര്‍ പാലിയേറ്റീവ് കെയര്‍ എന്ന പ്ലീനറി സെഷനാണ് ഇവയിലൊന്ന്. ഈ സെഷന്‍ കല്യാണ്‍ ജ്വല്ലേഴ്സ് സിഎംഡി ടി എസ് കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി സിഎ രവി കണ്ണമ്പിള്ളി, ഡോ. കെ.കെ. മോഹന്‍ദാസ്, യുഎഇയിലെ ആല്‍ഫാ പാലിയേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റ് ഗിരീഷ് മേനോന്‍, പത്മശ്രീ ഡോ. ടി.എ. സുന്ദര്‍ മേനോന്‍, ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ. ഹസ്സന്‍, യുഎഇയിലെ ജിയോജിത് സെക്യൂരിറ്റീസ് ഇന്ത്യ, ബര്‍ജീല്‍ സെക്യൂരിറ്റീസ് ഡയറക്ടര്‍ കെ.വി. ഷംസുദ്ദീന്‍, തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ടി ആര്‍ വിജയകുമാര്‍, തൃശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സിഎ സോണി സി.എല്‍. എന്നിവര്‍ സംസാരിക്കും.

എസ്.എ.പി.സി. കോണ്‍ 2019 ന്‍റെ ഔദ്യോഗിക ഉദ്ഘാടനം പത്മശ്രീ. ടി.എ. സുന്ദര്‍മേനോന്‍ നിര്‍വഹിക്കുന്നു.

രണ്ടാം ദിവസമായ (നവംബര്‍ 9) രാവിലെ 8-45-ന് ആല്‍ഫാ മോഡല്‍ പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. രാവിലെ 9 മുതല്‍ 9-30 വരെ പാലിയേറ്റീവ് കെയര്‍ എന്ത് എന്ന വിഷയത്തില്‍ ആദ്യത്തെ പ്ലീനറി സെഷന്‍ നടക്കും. അഹമ്മദാബാദ് കമ്യൂണിറ്റി ഓങ്കോളജി സെന്‍ററിലെ സിഇഒ ഡോ. ഗീതാ ജോഷി മുഖ്യപ്രഭാഷണം നടത്തുന്ന ഈ സെഷനില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ മുന്‍ പ്രസിഡന്‍റ് ഡോ. സുഖ്ദേവ് നായക്, കാന്‍സര്‍ എയിഡ് സൊസൈറ്റി സെക്രട്ടറിയും പിഇഒയുമായ ഡോ. പീയുഷ് ഗുപ്ത എന്നിവര്‍ അധ്യക്ഷത വഹിക്കും. 9:30 മുതല്‍ 10 വരെ പാലിയേറ്റീവ് കെയറില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പങ്ക് എന്ന വിഷയത്തിലെ പ്ലീനറി സെഷനില്‍ കെ. എം. നൂര്‍ദീന്‍ സംസാരിക്കും.

എസ്.എ.പി.സി. ദേശീയ കോണ്‍ഫറന്‍സിനെത്തിയ വിദ്യാര്‍ത്ഥികള്‍

10-30 മുതല്‍ 11 വരെ ജീവിതാന്ത്യ പരിചരണവും അതിന്‍റെ പ്രാധാന്യവും എന്ന വിഷയത്തിലെ പ്ലീനറി സെഷനില്‍ ഐഎപിസി മുന്‍ പ്രസിഡന്‍റ് സുഖ്ദേവ് നായക്, ഡെല്‍ഹിയിലെ കാന്‍സപ്പോര്‍ട്ടില്‍ നിന്നുള്ള ഡോ. റീനാ ശര്‍മ, എസ്എപിസി ബോര്‍ഡംഗം ഡോ. ജമീലാ പരീത് എന്നിവര്‍ അധ്യക്ഷരാകും. ആല്‍ഫാ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. ജോസ് ബാബു സംസാരിക്കും.

11 മുതല്‍ 1130 വരെ മെഡിക്കല്‍ രംഗത്തെ ആശയവിനിമയ നൈപുണ്യം എന്ന വിഷയത്തിലെ പ്ലീനറി സെഷനില്‍ പാലിയം ഇന്ത്യയിലെ പാലിയേറ്റീവ് കെയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. എം.എം. സുനില്‍കുമാര്‍, ഗുജറാത്തിലെ യുഎന്‍എന്‍എടി ചെയര്‍മാനും എസ്എപിസി ബോര്‍ഡംഗവുമായ കേണല്‍ (ഡോ.) യശ്വന്ത് ജോഷി എന്നിവര്‍ സംസാരിക്കും.

എസ്.എ.പി.സി. ദേശീയ കോണ്‍ഫറന്‍സിനെത്തിയ വിദ്യാര്‍ത്ഥികള്‍

തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ വേര്‍തിരിഞ്ഞുള്ള സെഷനുകള്‍ നടക്കും. ഉച്ചഭക്ഷണത്തിനു ശേഷം 2-45 മുതല്‍ 4-15 വരെ പാലിയേറ്റീവ് കെയറില്‍ അധ്യാപകരുടേയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും പങ്ക് എന്ന വിഷയത്തിലുള്ള പ്ലീനറി സെഷന്‍ നടക്കും. എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ബിഹേവിയറല്‍ സയന്‍സ് ഡയറക്ടര്‍ പ്രൊഫ. (ഡോ.) പി കെ സുകുമാരന്‍ വിഷയാവതരണം നടത്തും. കോഴിക്കോട് സര്‍വകലാശാല സ്റ്റുഡന്‍റ് വെല്‍ഫയര്‍ ഡീന്‍ പി.വി. വത്സരാജന്‍ ഉദ്ഘാടനം ചെയ്യും.

4-15 മുതല്‍ 5-45 വരെ ബിസിനസ് ലീഡേഴ്സ് ഫോര്‍ പാലിയേറ്റീവ് കെയര്‍ എന്ന പ്ലീനറി സെഷന്‍ കല്യാണ്‍ ജ്വല്ലേഴ്സ് സിഎംഡി ടി എസ് കല്യാണരാമന്‍ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റി സിഎ രവി കണ്ണമ്പിള്ളി, ഡോ. കെ.കെ. മോഹന്‍ദാസ്, യുഎഇയിലെ ആല്‍ഫാ പാലിയേറ്റീവ് കൗണ്‍സില്‍ പ്രസിഡന്‍റ് ഗിരീഷ് മേനോന്‍, പത്മശ്രീ ഡോ. ടി.എ. സുന്ദര്‍ മേനോന്‍, ഫ്ളോറ ഗ്രൂപ്പ് ചെയര്‍മാന്‍ വി.എ. ഹസ്സന്‍, യുഎഇയിലെ ജിയോജിത് സെക്യൂരിറ്റീസ് ഇന്ത്യ, ബര്‍ജീല്‍ സെക്യൂരിറ്റീസ് ഡയറക്ടര്‍ കെ.വി. ഷംസുദ്ദീന്‍, തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് പ്രസിഡന്‍റ് ടി ആര്‍ വിജയകുമാര്‍, തൃശൂര്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ പ്രസിഡന്‍റ് സിഎ സോണി സി.എല്‍. എന്നിവര്‍ സംസാരിക്കും.

ദേശീയ കോണ്‍ഫറസിലെ സയന്‍ഫിക് സെഷനുകളില്‍നിന്ന്.

തൃശൂര്‍ ആസ്ഥാനമായി കേരളത്തിലുടനീളം 17 സെന്‍ററുകളോടെ പ്രവര്‍ത്തിക്കുന്ന ആല്‍ഫ പാലിയേറ്റീവ് കെയറാണ് സമ്മേളനത്തിന് ആതിഥ്യമരുളുന്നത്. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടെ പുനരധിവാസം എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്‍റെ ഇതിവൃത്തം. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിനു പുറത്തുനിന്ന് വിദ്യാര്‍ത്ഥികളെത്തുന്നത്. ഗുജറാത്തില്‍ നിന്ന് 60-ലേറെ വരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ സംഘം ഉള്‍പ്പെടെയാണിത്.

ബിസിനസ് ലീഡേഴ്സ് ഫോര്‍ പാലിയേറ്റീവ് കെയര്‍

സമാപന ദിവസമായ നവംബര്‍ 10-ന് വിവിധ സയന്‍റിഫിക് സെഷനുകളും വിദ്യാര്‍ത്ഥികള്‍ക്ക് പാലിയേറ്റീവ് കെയറില്‍ എന്തു ചെയ്യാം എന്ന ചര്‍ച്ചയും നടക്കും. ഉച്ചയ്ക്ക് 1-30 മുതല്‍ 2 വരെയാണ് സമ്മേളനത്തിന്‍റെ സമാപന സമ്മേളനം. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മികച്ച വിജയം നേടിയ ആല്‍ഫ കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യും.

സ്റ്റുഡന്‍റ്സ് ഡെലിഗേറ്റ്സ് അവതരിപ്പിച്ച സ്ട്രീറ്റ് പ്ലേ.
ദേശീയ കോണ്‍ഫറന്‍സില്‍ അരങ്ങേറിയ നൃത്താവിഷ്കാരം


71 views