Search
  • Alpha Palliative Care

ചരിത്രം പിറന്നു; ലിവിംഗ് വില്‍ നിയമപരമായി രജിസ്റ്റര്‍ചെയ്ത് ഡോ.ജോസ് ബാബു

ജീവിതാന്ത്യത്തിലെ വ്യര്‍ത്ഥവും അനാവശ്യവുമായ വൈദ്യശാസ്ത്ര ഇടപെടലുകള്‍ ഒഴിവാക്കാനായി സുപ്രീം കോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയില്‍ ആദ്യത്തെ ലിവിംഗ് വില്‍ രജിസ്റ്റര്‍ ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ വിഭാഗം തലവന്‍ ഡോ. ജോസ് ബാബുവാണ് അഡ്വ. പി.ഡി. റാഫേല്‍ മുഖേന തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്പര്‍ കോടതി മുമ്പാകെ ലിവിംഗ് വില്‍ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്തോ മറ്റു സംസ്ഥാനങ്ങളിലോ രജിസ്ട്രേഷന്‍ നടപടികള്‍ ആരെങ്കിലും പൂര്‍ത്തീകരിച്ചതായി അറിവില്ല. അങ്ങനെയാണെങ്കില്‍ രാജ്യത്തുതന്നെ ആദ്യമായാണ് ഒരു ലിവിംഗ് വില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്. 


എന്താണ് ലിവിംഗ് വില്‍ ജീവിതാന്ത്യത്തില്‍ രോഗിയുടെ മൂല്യങ്ങളുമായി  ഒത്തുപോകാത്ത ചികിത്സാവിധികള്‍ നിരസിക്കാനും ഒരുപക്ഷേ, ഇത്തരം ചികിത്സകള്‍ തുടങ്ങിയിട്ടുണ്ടെങ്കില്‍ അവ പിന്‍വലിക്കാനും ആരോഗ്യവും മാനസികശേഷിയുമുള്ള സമയത്ത് മൂന്‍കൂറായി എഴുതിവയ്ക്കുന്ന രേഖയാണ് ലിവിംഗ് വില്‍. രോഗി ബോധാവസ്ഥയിലോ അര്‍ധ ബോധാവസ്ഥയിലോ ആകുമ്പോള്‍ ശരിയായ തീരുമാനമെടുക്കാന്‍ ഡോക്ടറെയും ഉറ്റവരെയും ഈ രേഖ സഹായിക്കുന്നു.  ജീവിതാന്ത്യത്തില്‍ എന്തൊക്കെ ചികിത്സകള്‍ നിഷേധിക്കാം വെന്‍റിലേറ്റര്‍, മൂക്കിലൂടെയുള്ള ഭക്ഷണക്കുഴല്‍, ഡയാലിസിസ്, അവയവമാറ്റ ശസ്ത്രക്രിയകള്‍, ആന്‍റിബയോട്ടിക്കുകള്‍ തുടങ്ങി രോഗിക്ക് താല്‍പ്പര്യമില്ലാത്തവ ഏതൊക്കെ എന്ന് രോഗിക്ക് നിര്‍ദേശിക്കാം. എന്നാല്‍, ഏതൊക്കെ ചികിത്സകള്‍ വേണം എന്ന് ആവശ്യപ്പെടാന്‍ രോഗിക്ക് അവകാശമില്ല. 

നിയമസാധുത എപ്പോള്‍ രണ്ടു സാക്ഷികളുടെ ഒപ്പോടുകൂടി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പിലാണ് ഈ രേഖ രജിസ്റ്റര്‍ ചെയ്യേണ്ടത്. ജീവിതാന്ത്യത്തില്‍ ചികിത്സിക്കുന്ന ഡോക്ടര്‍ ഈ വില്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. എന്നാല്‍, രോഗി ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുണ്ടെങ്കില്‍ ഡോക്ടര്‍ക്ക് ചികിത്സ തുടരാന്‍ അവകാശമുണ്ട്. തര്‍ക്കമുണ്ടെങ്കില്‍ ഹൈക്കോടതിയിലാണ് പരിഹരിക്കേണ്ടത്. ജീവന്‍ നിലനിര്‍ത്തുന്ന ഉപാധികള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ്. ഇതിനായി ആശുപത്രിയിലെയും ജില്ലാ മെഡിക്കല്‍ ഓഫീസറുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡിന്‍റെ ശുപാര്‍ശ ആവശ്യമാണ്. ലിവിംഗ് വില്‍ നടപ്പാക്കാന്‍ രോഗിക്ക് വിശ്വാസമുള്ള ഒരു വ്യക്തിയെ നിര്‍ദേശിക്കാം. ഒരു വ്യക്തിക്ക് എത്ര തവണ വേണമെങ്കിലും ലിവിംഗ് വില്‍ പരിഷ്കരിക്കാം.  പശ്ചാത്തലം കൃത്രിമ മാര്‍ഗങ്ങളിലൂടെ മരണം നീട്ടിവയ്ക്കുന്നതിലൂടെയും വ്യര്‍ത്ഥമായ ചികിത്സയിലൂടെ സ്വാഭാവിക മരണം നീട്ടുകവഴിയും സ്വകാര്യ ആശുപത്രികള്‍ രോഗികളെ ചൂഷണം ചെയ്യുന്നുവെന്ന സമൂഹത്തിന്‍റെ പൊതു വിലയിരുത്തലിന്‍റെ പശ്ചാത്തലത്തിലാണ് വ്യക്തിയുടെ അവകാശങ്ങള്‍ കൂടി സംരക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ സുപ്രീം കോടതി ലിവിംഗ് വില്ലിന് നിമയസാധുത നല്‍കിയത്. നിഷ്ക്രിയ ദയാവധം (Passive Euthanasia) എന്ന പേരിലാണ് ഈ നിയമം അറിയപ്പെടുന്നതെങ്കിലും ദയാവധമല്ല; മറിച്ച് അനാവശ്യവും നിഷ്ഫലവുമായ ചികിത്സകള്‍ നിഷേധിക്കാനുള്ള വ്യക്തിയുടെ അവകാശം സംരക്ഷിക്കാനും സ്വാഭാവിക മരണം അനുവദിക്കുന്നതിനുമുള്ള നിയമമാണിത്. പത്രസമ്മേളനത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്‍ (94977 13919), ഡോ. ജോസ് ബാബു( 94006 84992), അഡ്വ. പി.ഡി. റാഫേല്‍ (94467 60478) എന്നിവര്‍ പങ്കെടുത്തു.

https://www.etvbharat.com/malayalam/kerala/state/thrissur/the-first-living-will-of-kerala-was-registered-in-thrissur/kerala2019090700502169142 views0 comments