- Alpha Palliative Care
ആല്‍ഫ നൈറ്റ് 2018 അരങ്ങേറി
തൃശൂര്‍: ആല്‍ഫ പാലിയേറ്റീവ് കെയര്‍ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്റര്‍ ഫണ്ട് സമാഹരണാര്‍ത്ഥം സംഘടിപ്പിച്ച ആല്‍ഫ നൈറ്റ് 2018 ആല്‍ഫ ചെയര്മാന് കെ.എം. നൂര്‍ദീന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനംചെയ്തു. ആല്‍ഫ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്റര്‍ മുഖ്യരക്ഷാധികാരി വി.കെ. ഷംസുദ്ദീന്, പ്രസിഡന്റ് സക്കീര്‍ ഹുസൈന്, സെക്രട്ടറി ഷെഫീര്‍ കാരുമാത്ര, സിനിമാതാരവും മമ്മൂട്ടിയുടെ സഹോദരി പുത്രനുമായ അഷ്കര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.



ആല്‍ഫ വെള്ളാങ്കല്ലൂര്‍ ലിങ്ക് സെന്ററിന്റെ പുനര്‍ജനി 2018 ഡോക്യുമെന്ററിയുടെ പ്രകാശനം കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്. സുനില്‍കുമാര്‍ ചടങ്ങില്‍ നിര്‍വഹിച്ചു. വിശ്വഗുരു എന്ന മലയാള സിനിമ 51 മണിക്കൂറും 3 മിനിറ്റും കൊണ്ട് പൂര്‍ത്തിയാക്കി തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആര്യന് വിജയന് (വിജേഷ്) ആല്‍ഫ നൈറ്റ് വേദിയില്‍ പ്രദര്‍ശിപ്പിച്ചു. ആര്യന് വിജയനാണ് ആല്‍ഫ പുനര്‍ജനി ഡോക്യുമെന്ററി സംവിധാനം ചെയ്തത്.

പാട്ടിനൊത്ത് ഡാവിഞ്ചി സുരേഷ് ചിത്രം തലകീഴായി വരച്ച് ചടങ്ങിന് മാറ്റുകൂട്ടി. ഡാവിഞ്ചി സുരേഷിനെയും ആല്‍ഫ പുനര്‍ജനി ഡോക്യുമെന്ററിയുടെ ക്യാമറാ മാന്‍ ശ്രീനിവാസ റെഡ്ഡിയെയും ചടങ്ങില്‍ സ്നേഹാദരം നല്കി ആദരിച്ചു. കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

