- Alpha Palliative Care
ആല്‍ഫ ഗുഡ് വില്‍ സ്റ്റോര്‍ ഉദ്ഘാടനംചെയ്തു
തൃശൂര്‍: ആല്‍ഫ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണത്തിനായി തൃശൂര്‍ ബാനര്‍ജി മെമ്മോറിയല്‍ ക്ലബ്ബിന്റെ സഹകരണത്തോടെ ആല്‍ഫ ഗുഡ് വില്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി. ബാനര്‍ജി മെമ്മോറിയല്‍ ക്ലബ്ബ് പ്രസിഡന്റ് ജോസ് ആലുക്കയും ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്മാന് കെ.എം. നൂര്‍ദീനും ചേര്‍ന്ന് ഗുഡ് വില്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം ഉദ്ഘാടനംചെയ്തു.
പുതിയതും ഉപയോഗ യോഗ്യവുമായ വസ്തുക്കള്‍ സമാഹരിച്ച് വില്പനയിലൂടെ ലഭിക്കുന്ന തുക പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണ് ലക്ഷ്യം. വീടുകളില്‍ ഉപയോഗമില്ലാതെ കിടക്കുന്നതും എന്നാല്‍, ഉപയോഗ യോഗ്യമായതും പുതുമയുള്ളതുമായ ഏതു വസ്തുക്കളും പൊതുജനങ്ങള്‍ക്ക് ഗുഡ് വില്‍ സ്റ്റോറിലേക്ക് സംഭാവന നല്കാവുന്നതും ആവശ്യക്കാര്‍ക്ക് ഇവ ഒരു തുക സംഭാവന നല്കി കൊണ്ടുപോകാവുന്നതുമാണ്.
സ്വരാജ് റൗണ്ട് നോര്‍ത്ത് ബാനര്‍ജി മെമ്മോറിയല്‍ ക്ലബ്ബിനോടനുബന്ധിച്ചുള്ള കെട്ടിടത്തിലാണ് ആല്‍ഫ ഗുഡ്വില് സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയും മൂന്നുമണിമുതല്‍ വൈകീട്ട് ഏഴുവരെയുമാണ് പ്രവര്‍ത്തന സമയം. ചടങ്ങില്‍ ക്ലബ്ബ് സെക്രട്ടറി ഇഗ്നി മാത്യു, ട്രഷറര്‍ ജോസഫ് സ്റ്റാന്‍ലി, ആല്‍ഫ ചീഫ് പ്രോഗ്രാം ഓഫീസര്‍ സുരേഷ് ശ്രീധരന്, ആല്‍ഫ തൃശൂര്‍ ഹോസ്പീസ് അഡ്മിനിസ്ട്രേറ്റര്‍ ജേക്കബ് ഫ്രാന്‍സിസ്, പ്രസിഡന്റ് അഡ്വ. ബി.ബി. ബ്രാഡ്ലി, സെക്രട്ടറി എം.വി. വിജയന്, വൊളന്റിയര്‍മാരായ സി.എ. വേണുഗോപാല്‍, രമണി മേനോന്, സി. വേണുഗോപാലന്‍, ഗഫൂര്‍ ടി. മുഹമ്മദ്, പത്മജ ഗോവിന്ദ്, വത്സ ജെ. പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.