25th Anniversary of Alpha Charitable Trust
Time & Location
About The Event
പ്രിയ സുഹൃത്തേ,
1994 ജൂലൈ മാസം 11നു പ്രവര്‍ത്തനം ആരംഭിച്ച ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് സേവനത്തിന്റെ 25 വര്‍ഷം പിന്നിട്ടിരിക്കുന്നു. നിരാലംബരും നിസ്സഹായരുമായവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രതിമാസ പെന്‍ഷനും കുടുംബത്തിന്റെ ചികിത്സയും മറ്റു പ്രശ്നങ്ങളും ഏറ്റെടുത്തുകൊണ്ടായിരുന്നു ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തുടക്കം. അഞ്ഞൂറിലേറെ കുടുംബങ്ങള്‍ക്ക് നല്കി വന്നിരുന്ന പെന്ഷന് ഇപ്പോഴും തുടരുന്നു.
2005ല്‍ ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം ആരംഭിച്ചതോടെ മാറാത്തവിധം രോഗങ്ങള്‍ ബാധിച്ചവരും വിവിധ കാരണങ്ങളാല്‍ ചലനശേഷി പരിമിതപ്പെട്ടവരും വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളാല്‍ വലയുന്നവരുമായ പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ കഴിഞ്ഞു.
കിടത്തിചികിത്സാ സൗകര്യത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോസ്പീസുകളും ബ്ലോക്ക് പഞ്ചായത്ത് പരിധികളില്‍ പൊതുജനങ്ങളുടെ നേതൃത്വത്തിലുള്ള ലിങ്ക് സെന്ററുകളും പ്രവര്‍ത്തിച്ചുവരുന്നു. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 17 കേന്ദ്രങ്ങളിലൂടെ 22000 ലേറെ പേര്‍ക്ക് സൗജന്യ പരിചരണം നല്കാന് ആല്‍ഫ പാലിയേറ്റീവ് കെയറിന് കഴിഞ്ഞിട്ടുണ്ട്. രോഗബാധിതരുടെ വീടുകളില്‍ പരിചരണം എത്തിക്കുന്ന ഹോംകെയറും ഫിസിയോതെറാപ്പി സൗജന്യമായി നല്കുന്ന 'പുനര്‍ജനി' പദ്ധതിയും ആല്‍ഫയുടെ എല്ലാ കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നു. രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് പാലിയേറ്റീവ് പരിചരണം എത്തിക്കുന്ന ശ്യംഖലയാണ് ഇന്ന് ആല്‍ഫ.
ആയിരകണക്കിനുപേരെ ജാതിയുടെയോ മതത്തിന്റെയോ കക്ഷി രാഷ്ട്രീയത്തിന്ടെയോ നിഴല്‍ വീഴാതെ പരിചരണവും പിന്തുണയും നല്‍കിക്കൊണ്ട് അന്തസ്സോടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് സഹായിക്കാന്‍ ട്രസ്റ്റിന് കഴിഞ്ഞു. ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 25-ാം വാര്‍ഷികം പ്രതിമാസ പെന്ഷന് വാങ്ങുന്നവരുടെയും കുടുംബങ്ങളുടെയും വിവിധ ലിങ്ക് സെന്ററുകളിലൂടെ വൊളന്റിയര്‍മാരായി പ്രവര്‍ത്തിച്ചു വരുന്ന നൂറുകണക്കിന് മനുഷ്യ സ്നേഹികളുടെയും ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങി വെച്ച നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ആശുപത്രി ജനകീയ സമിതി പ്രവര്‍ത്തകരുടെയും ആല്‍ഫയെ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സഹായിച്ചുകൊണ്ടിരിക്കുന്ന സുമനസ്സുകളുടെയും സ്റ്റാഫ് അംഗംങ്ങളുടെയും ഒത്തുചേരലായി 2019 ഡിസംബര്‍ 14 ശനിയാഴ്ച എടമുട്ടം ആല്‍ഫ ഓഡിറ്റോറിയത്തില്‍വെച്ച് നടത്തുന്നു.
രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തുന്നതോടെ വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമാവും. 9 മുതല്‍ 11 വരെ കുടുംബകാര്യ ചര്‍ച്ചയും 11 മുതല്‍ കുടുംബ അംഗങ്ങളുടെ കലാപരിപാടികളും ഉച്ച ഭക്ഷണവും അതിനു ശേഷം ഗാനമേളയും ചേര്‍ന്നുള്ള വാര്‍ഷികാഘോഷ പരിപാടിയിലേക്ക് താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
നേരില്‍ കാണാമെന്ന പ്രതീക്ഷയോടെ,
കെ.എം. നൂര്‍ദീന്‍
ചെയര്മാന്
ആല്‍ഫ ട്രസ്റ്റ്സ്